പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ അസാറാം ബാപ്പുവിന് മരണം വരെ ജീവപര്യന്തം; സഹായികള്‍ക്ക് 20 വര്‍ഷം തടവ്

ജോധ്പൂര്‍: (www.kvartha.com 25.04.2018) ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പുവിന് ജോധ്പൂര്‍ കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അസാറാമിന്റെ സഹായികളായ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു. മറ്റു പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു.അസാറാം ബാപ്പുവടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ പ്രസ്താവിച്ചിരുന്നില്ല.

ജോധ്പുര്‍ എസ്‌സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് ആണ് വിധിപ്രസ്താവം നടത്തിയത്. സുരക്ഷ കണക്കിലെടുത്ത് ജഡ്ജി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇതിനായി ജയിലില്‍ പ്രത്യേക കോടതി സജ്ജമാക്കിയിരുന്നു. വിധി പ്രസ്താവത്തെ തുടര്‍ന്ന് രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Asaram sentenced to life in prison after being found guilty of minor's molest, Court, News, Trending, Molestation, Crime, Criminal Case, Jail, National

അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്താണു ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വിധി പ്രഖ്യാപിച്ചത്. അതേസമയം, ജോധ്പൂര്‍ നഗരത്തില്‍ 21ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി. റെയില്‍വേ സ്‌റ്റേഷനില്‍നിന്നും നഗരത്തിന്റെ പലഭാഗങ്ങളില്‍നിന്നുമായി 12 അനുയായികളെ പിടികൂടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഷഹജാന്‍പൂരില്‍ നിന്നുള്ള കൗമാരക്കാരിയെ ജോധ്പൂരിനടുത്തുള്ള ആശ്രമത്തിലേക്ക് വിളിപ്പിച്ച് മാനഭംഗത്തിനിരയാക്കിയതായാണ് അസാറാം ബാപ്പുവിനെതിരായ കേസ്. മധ്യപ്രദേശിലെ ചിന്ത്വാരയിലെ ബാപ്പുവിന്റെ ആശ്രമത്തിലായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. 2013 ആഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസാറാമിനും കുറ്റക്കാരായ മറ്റു നാലുപേര്‍ക്കുമെതിരെ 2013 നവംബര്‍ ആറിന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

2013 ആഗസ്റ്റ് 31 മുതല്‍ ജയിലില്‍ കഴിയുന്ന എഴുപത്തേഴുകാരനായ ബാപ്പുവിനെതിരെ പോക്‌സോ, ദളിത് പീഡന നിരോധന നിയമം എന്നിവയനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍, 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഗുജറാത്തിലെ മറ്റൊരു മാനഭംഗക്കേസിലും അസാറാം ബാപ്പു വിചാരണ നേരിടുകയാണ്. ഇതുവരെ 12 ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സുപ്രിംകോടതി ഉള്‍പ്പടെയുള്ള വിവിധ കോടതികളിലായി എല്ലാം തള്ളിപ്പോകുകയായിരുന്നു.

2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേപോലും വധഭീഷണി ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ കാര്യത്തിലെന്ന പോലെ ശക്തരായ അനുയായിവൃന്ദമുള്ള ആളാണ് അസാറാമും. ഗുര്‍മീതിനെ ശിക്ഷിച്ച ദിവസം അനുയായികള്‍ ഹരിയാനയിലെ പഞ്ച്കുലയില്‍ 35 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതു കണക്കിലെടുത്തു പോലീസ് നല്‍കിയ ഹര്‍ജിയിലാണു രാജസ്ഥാന്‍ ഹൈക്കോടതി, ജയിലിനുള്ളില്‍ തന്നെ വിധി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളോടു സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Asaram sentenced to life in prison after being found guilty of minor's molest, Court, News, Trending, Molestation, Crime, Criminal Case, Jail, National.


Powered by Info News For You

Comments